അവസാനനിമിഷത്തെ സാങ്കേതിക തകരാർ: ക്രൂ10 ദൗത്യം നീട്ടിവെച്ച് നാസ


വാഷിങ്ടണ്‍: അവസാനനിമിഷത്തെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ക്രൂ10 ദൗത്യം നീട്ടിവെച്ച് നാസയും സ്‌പേസ്എക്‌സും. ഇതോടെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന നാസയുടെ ബഹിരാകാശസഞ്ചാരികളായ ബുച്ച് വില്‍മറിന്റേയും സുനിത വില്യംസിന്റേയും തിരിച്ചുവരവ് വൈകുമെന്നുറപ്പായി. റോക്കറ്റിന്റെ ലോഞ്ച് പാഡിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. കഴിഞ്ഞ ഒമ്പതുമാസമായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയാണ്‌.

ബുധനാഴ്ചയായിരുന്നു ക്രൂ10 വിക്ഷേപിക്കേണ്ടിയിരുന്നത്. ദൗത്യത്തിന്റെ പുതിയ തീയതി നാസയും സ്‌പേസ്എക്‌സും പ്രഖ്യാപിച്ചിട്ടില്ല. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ക്രൂ10 വിക്ഷേപിക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന്‌ തൊട്ടുമുമ്പാണ് ദൗത്യം നീട്ടിവെക്കുന്നതായി നാസ അറിയിച്ചത്.
കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും ബുച്ച് വില്‍മറും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇരുവരുമില്ലാതെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തി. തുടര്‍ന്ന് സ്‌പേസ്എക്‌സിന്റെ ക്രൂ10-ല്‍ ഇരുവരേയും തിരിച്ചെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാര്‍ച്ച് 26-ന് ക്രൂ10 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും സ്‌പേസ്എക്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കിന്റേയും നിര്‍ദേശത്തെത്തുടര്‍ന്ന് ദൗത്യം നേരത്തെയാക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال