വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഒമാനിലേക്കുളള വിമാനം മണിക്കൂറുകള്‍ വൈകിയതോടെ ഇരുനൂറിലേറെ യാത്രികര്‍ വലഞ്ഞു. ഒമാനിലേക്കുളള വിമാനം ഇന്നലെ രാവിലെ 8.30ന് ആയിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്.
പിന്നീടത് വൈകുന്നേരം മൂന്നിലേക്കും പിന്നീട് നാലിലേക്കും മാറ്റിയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. വിമാനം വൈകാനുളള സാഹചര്യം വ്യക്തമാക്കാതെയും ഭക്ഷണമോ വെള്ളമോ നല്കാന് ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ലെന്നും ആക്ഷേപമുയര്‍ന്നു.
വിമാനം പുറപ്പെടുന്നതിന് മണിയ്ക്കൂറുകള്‍ മുമ്പ് വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് എടുത്ത് ടെര്‍മിനലില്‍ കാത്തിരിക്കുമ്പോഴാണ് വിമാനം മണിയ്ക്കൂറുകള്‍ വൈകുമെന്ന അറിയിപ്പ് വന്നത്. ഇതോടെ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെയുളള യാത്രികര്‍ ദുരിതത്തിലാവുകയായിരുന്നു.
വെള്ളമോ ഭക്ഷണമോ നല്കാന് പോലും എയര്‍ലൈന്‍സ് തയാറായില്ല എന്നാണ് യാത്രികരുടെ പരാതി.ജോലിയില്‍ പ്രവേശിക്കേണ്ട അവസാന തീയതിയായിരുന്നതിനാല്‍ പലരും കുഴങ്ങുകയായിരുന്നു.
ടെര്‍മിനലില്‍നിന്ന് വെള്ളമോ ഭക്ഷണമോ വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നതിനാല്‍ പലരും ഭക്ഷണം കഴിക്കാതെ കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകള്‍ കാത്തിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പല വിമാനങ്ങളും ചൊവ്വാഴ്ച മണിക്കൂറുകളോളം വൈകിയതായും യാത്രികര്‍ പറയുന്നു.
തിരുവനന്തപുരത്തുനിന്നും ഹൈദരാബാദിലേക്കും ദുബായിലേക്കും അബുദാബിയിലേക്കും ഷാര്ജയിലേക്കുമുളള സര്‍വീസുകളും അഞ്ചു മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടതെന്ന് യാത്രികര്‍ പറഞ്ഞു.