ലഹരി ഉപയോഗം: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ


കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.

ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال