ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലിയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് ശാസ്ത്രീ നഗറിന് സമീപം തകർന്നുവീണത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അമ്രേലി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന പരിശീലന വിമാനത്തിൽ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരത്തിൽ ഇടിച്ച വിമാനം ജനവാസമേഖലയ്ക്ക് സമീപം തുറസ്സായ സ്ഥലത്ത് തകർന്നുവീഴുകയായിരുന്നുവെന്ന് അമ്രേലി പോലീസ് സൂപ്രണ്ട് സഞ്ജയ് കരാട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സംഭവത്തിൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങിയതായും അപകട കാരണം വ്യക്തമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.