ന്യൂഡല്‍ഹി: ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് അറിയിച്ച് നാവികസേന. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ലക്ഷ്യം തകര്‍ക്കാന്‍ പായുന്ന യൂണിയന്‍ റേഞ്ച് മിസൈല്‍ ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. കറാച്ചി തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് പറഞ്ഞ പാകിസ്താന് അറബിക്കടലില്‍ മിസൈല്‍ പരീക്ഷിച്ച് കാട്ടിയാണ് നാവികസേന മറുപടി നല്‍കിയത്.
കറാച്ചി തീരത്തുള്ള ഒരു യുദ്ധ കപ്പലില്‍ നിന്നും പാക് നാവിക സേന മിസൈല്‍ പരിശീലനം നടത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പാക് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇന്ത്യന്‍ നാവികസേന ഇപ്പോള്‍ ഇന്ത്യന്‍ തീരത്ത് നാവിക പരിശീലനം നടത്തുകയും ദൃശ്യങ്ങളടക്കം പുറത്തുവിടുകയും ചെയ്തിരിക്കുന്നത്. വിജയകരമായ ഒരു പരീക്ഷണം നടത്തി എന്നാണ് നാവികസേന പുറത്തുവിട്ടിട്ടുള്ള പത്രക്കുറിപ്പില്‍ പറയുന്നത്. ഐഎന്‍എസ് സൂറത്തില്‍ നിന്നും ഇന്ത്യ വിജയകരമായി മിസൈല്‍ പരീക്ഷണം നടത്തി. കടലിന്റെ ഉപരിതലത്തോട് ചേര്‍ന്ന് അയയ്ക്കുകയും ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും ചെയ്യാന്‍ കഴിവുള്ള മിസൈലുകളുടെ പരീക്ഷണം വിജയകരമായി നടന്നു എന്നാണ് നാവികസേന അറിയിച്ചിരുക്കുന്നത്.
എതിരാളികളുടെ റഡാര്‍ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ സഞ്ചരിച്ച് ആക്രമിക്കുന്ന സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത്
എംആര്‍ സാം (മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍) എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ തൊടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് സൂറത്ത് എന്ന കപ്പലില്‍നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യം ഭേദിക്കാന്‍ സാധിക്കും എന്നതാണ് എംആര്‍ സാമിന്റെ ഏറ്റവും വലിയ പ്രത്യേകത.
ശത്രുപക്ഷത്തിന്റെ റഡാറുകളുടെയും ഇന്‍ഫ്രാറെഡിന്റെയും കണ്ണുവെട്ടിക്കാന്‍ മിസൈലുകള്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ സഞ്ചരിക്കുന്നതിനെയാണ് സീ സ്‌കിമ്മിങ് എന്നുപറയുന്നത്. ഇങ്ങനെയെത്തുന്ന മിസൈലുകളെ തകര്‍ക്കാനുള്ള ശേഷിയാണ് ഇന്ത്യ ആര്‍ജിച്ചിരിക്കുന്നത്. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചതാണ് എം.ആര്‍-സാം മിസൈല്‍. ഇതിന് 70 കിലോമീറ്റര്‍ വരെ ആക്രമിക്കാന്‍ സാധിക്കും.
ഇന്ത്യന്‍ നാവികസേന സര്‍വ്വസജ്ജമാണ് എന്നതാണ് മിസൈല്‍ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കര-നാവിക-വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.