നീലഗിരി അതിര്‍ത്തികടന്നുള്ള യാത്രയില്‍ നിയന്ത്രണം ഭാഗികമായി



ഗൂഡല്ലൂര്‍: അതിര്‍ത്തി കടക്കാനുള്ള ഇ-പാസ് സംവിധാനത്തില്‍ മാറ്റംവരുത്തിയതോടെ നീലഗിരി അതിര്‍ത്തികടന്നുള്ള യാത്രയില്‍ നിയന്ത്രണം ഭാഗികമായി. മേല്‍ഗൂഡല്ലൂര്‍, മസിനഗുഡി, കുഞ്ചപ്പന, കള്ളാര്‍ ചെക്കുപോസ്റ്റുകളില്‍ മാത്രമായി ഇ-പാസ് പരിമിതപ്പെടുത്തി. ഊട്ടിഭാഗത്തേക്ക് കടക്കാന്‍ ഇ-പാസ് വേണം.

മലപ്പുറം, വയനാട് ജില്ലകളിലുള്ളവര്‍ക്ക് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലേക്കും ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തിലേക്കും പോകാന്‍ ഇനി മുതല്‍ ഇ-പാസ് പരിശോധനയുണ്ടാവില്ല.
നാടുകാണി, താളൂര്‍, ചോളാടി, പാട്ടവയല്‍, കാക്കനല്ല, കോട്ടൂര്‍, കക്കുണ്ടി, പൂളക്കുണ്ട്, നമ്പ്യാര്‍ക്കുന്ന് ഭാഗങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ഇ-പാസ് പരിശോധന ഒഴിവാക്കി. ഒരുവര്‍ഷത്തിലധികമായി ഇ-പാസ് സംവിധാനത്തെ തുടര്‍ന്ന് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലേയ്ക്ക് കടക്കാന്‍ കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കിയ ഇ-പാസ് പരിഷ്‌കാരത്തോടെയുണ്ടായ ഈ പ്രയാസം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന് നീലഗിരി ജില്ലാഭരണകൂടം മദ്രാസ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇപ്പോള്‍ ഇ-പാസ് പരിശോധന പരിമിതപ്പെടുത്തിയത്.
നാടുകാണി ചെക്ക് പോസ്റ്റില്‍ പരിശോധനയേര്‍പ്പെടുത്തിയതോടെ മലപ്പുറത്തുനിന്നും വയനാട്ടിലേക്കുള്ള എളുപ്പവഴി തടയപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ നീലഗിരിയിലെത്താവുന്ന വാഹനങ്ങളുടെ എണ്ണം കൂടി മദ്രാസ് ഹൈക്കോടതി പരിമിതപ്പെടുത്തിയതോടെ ചെക്ക് പോസ്റ്റുകളില്‍ നിന്നും വാഹനങ്ങള്‍ പോലീസ് തടഞ്ഞിരുന്നു. ഊട്ടിയിലേയ്ക്കുള്ള വാഹനങ്ങളുടെ എണ്ണ ക്രമീകരണത്തിലും ഇ-പാസ് സംവിധാനവും അതേപടി നില്‍ക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال