ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ്. സിനിമ മേഖലയിലെ അണിയറപ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാവരും ഹാജരാകണം. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണം പാലക്കാട് സ്വദേശിനിയും കൊച്ചിയിൽ താമസക്കാരിയുമായ മോഡലിലേക്കു നീണ്ടു. ഇവർക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെൺവാണിഭ ഇടപാടുകളാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുണ്ട്. ഇതു പരിശോധിച്ചപ്പോൾ സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതും പെൺവാണിഭ ഇടപാടാണെന്ന സംശയം ഉണ്ട്.
അഞ്ച് തരം രുചികളിലുള്ള ഹൈബ്രിഡ് കഞ്ചാവാണ് പ്രതികൾ ആലപ്പുഴയിൽ എത്തിച്ചത്. ഒരു കിലോവീതമുള്ള മൂന്നു പാക്കറ്റുകൾ. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.