കോഴിക്കോട്/കണ്ണൂര്‍: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിനോദയാത്രാസംഘങ്ങള്‍ ഒന്നാകെ കശ്മീര്‍ ട്രിപ്പുകള്‍ റദ്ദാക്കി. അവധിക്കാലമായതിനാല്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ഒട്ടേറെപ്പേര്‍ കശ്മീരിലേക്ക് യാത്ര പ്ലാന്‍ചെയ്തിരുന്നു. അവരെല്ലാം യാത്ര റദ്ദുചെയ്യുകയാണെന്ന് ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
ഓഗസ്റ്റിലേക്കുള്ള ബുക്കിങ് വരെ റദ്ദാക്കിയതായി കോട്ടയം ഗ്ലുവേവ്സ് ഡയറക്ടര്‍ അനീഷ് ഗോപിനാഥ് പറഞ്ഞു.
നിലവില്‍ ഒരാഴ്ചത്തേക്കുള്ള എല്ലാ ടൂറുകളും സഞ്ചാരികള്‍ റദ്ദാക്കിയതായി കശ്മീരിലുള്ള ടൂര്‍ ഓപ്പറേറ്ററും കണ്ണൂര്‍ സ്വദേശിയുമായ അഞ്ജലി പറഞ്ഞു.
കശ്മീര്‍ ശാന്തമായതോടെ വിനോദയാത്ര കൂടിയിരുന്നു. എന്നാല്‍, ഭീകരാക്രമണം ഇതെല്ലാം തകിടംമറിച്ചുവെന്നും കേരളത്തിലെ ഉള്‍പ്പടെ നൂറുകണക്കിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കനത്ത തിരിച്ചടിയുണ്ടായെന്നും കോഴിക്കോട്ടെ സഹ്റ ടൂര്‍ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ പാഴൂര്‍ പറഞ്ഞു.
ഭീകരാക്രമണമുണ്ടായതോടെ ചിലര്‍ യാത്ര മതിയാക്കി തിരികെപ്പോരാന്‍ ശ്രമിക്കുന്നുണ്ട്. വിമാന ടിക്കറ്റ് ലഭിക്കാനുള്ള പ്രയാസം ഇവരെ കുഴക്കുന്നു. കേരളത്തില്‍നിന്ന് അഷ്വറന്‍സ് കമ്മിറ്റി കൂടിക്കാഴ്ചയ്ക്ക് ശ്രീനഗറിലെത്തിയ എംഎല്‍എമാര്‍ ബുധനാഴ്ച മടങ്ങാനിരുന്നതാണെങ്കിലും ടിക്കറ്റ് കിട്ടിയില്ലെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
പഹല്‍ഗാം ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ബുധനാഴ്ച ആളുകളെത്തിയിട്ടുണ്ടെന്ന് വിവേകാനന്ദ ട്രാവല്‍സ് ടൂര്‍ മാനേജര്‍ സജിത് പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും അദ്ദേഹമറിയിച്ചു.