ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ഇതിനായി അമേരിക്കയുടെ സഹകരണം എന്‍ഐഎ തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. തഹാവൂര്‍ ഹുസൈന്‍ റാണയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ പുതിയ നീക്കം.
ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണുള്ളത്. മറ്റുരാജ്യങ്ങളിലേക്ക് തന്നെ അയയ്ക്കരുതെന്ന കാര്യത്തില്‍ നിബന്ധന മുന്നോട്ടുവെച്ച ശേഷമാണ് അമേരിക്കയിലെ വിചാരണനടപടികളുമായി ഹെഡ്‌ലി സഹകരിച്ചത്. ഇക്കാര്യത്തില്‍ അമേരിക്ക ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അതിനാല്‍ ഹെഡ്‌ലിയെ ഉടനെ ഇന്ത്യയിലെത്തിക്കാന്‍ പറ്റാത്തതിനാല്‍ അമേരിക്കന്‍ ജയിലില്‍വെച്ച് ഹെഡ്‌ലിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയാണ് എന്‍ഐഎ ആരായുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകള്‍ക്കുള്ള പങ്ക് ഉള്‍പ്പെടെയുള്ള സുപ്രധാനവിവരങ്ങള്‍ റാണയെ ചോദ്യം ചെയ്യുന്നതില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ സാധ്യത എന്‍ഐഎ ആരായുന്നത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ ആയിട്ടില്ല. അമേരിക്കയോട് ഉചിതമായ സമയത്ത് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയും അമേരിക്കയുടെ സഹകരണത്തോടെ ചോദ്യംചെയ്യാനുമാണ് ഇന്ത്യ ആലോചിക്കുന്നത്.
ആദ്യദിവസങ്ങളില്‍ ചോദ്യം ചെയ്യലിനോട് നിസ്സഹകണം പ്രകടിപ്പിച്ചിരുന്ന റാണ ഇപ്പോള്‍ അതിനോട് സഹകരിക്കുന്നുണ്ടെന്നാണ് എന്‍ഐഎ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെഡ്‌ലിയെക്കൂടി ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്.