ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ കേരളം നല്‍കിയ ഹര്‍ജിക്ക് ബാധകമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. മെയ് ആറിന് ഇത് സംബന്ധിച്ച വിശദമായ വാദം കേള്‍ക്കല്‍ നടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചു.
തമിഴ്‌നാട് ഗവര്‍ണര്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിലെ ഹര്‍ജിയില്‍നിന്ന് വ്യത്യസ്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, തമിഴ്‌നാട് ഗവര്‍ണര്‍ കേസില്‍ വിധി കേരളത്തിന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഹര്‍ജി തീര്‍പ്പാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ രണ്ട് കേസിലെ വ്യത്യസ്തത തെളിയിക്കുന്നതിനുള്ള കുറിപ്പ് നല്‍കാന്‍ സമയംവേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മേയ് ആറിലേക്ക് മാറ്റിയത്.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവർണർമാര്‍ക്ക് സമയക്രമം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം നേരത്തെ ഒരു അപേക്ഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. തമിഴ്‌നാട് കേസില്‍ ഈ സമയക്രമം സുപ്രീം കോടതി പുറപ്പെടുവിച്ചതിനാല്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കേരളം കോടതിയെ അറിയിച്ചു. കേരളത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്.