കോട്ടയം: കോട്ടയം നഗരത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. തിങ്കളാഴ്ച വൈകീട്ട് 5.45-ഓടെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവേശന ഭാഗത്താണ് സംഭവം. കോട്ടയം അംബേദ്കര്‍ കോളനിയിലെ ഹരിദാസ്(31)നാണ് പരിക്കേറ്റത്.
ആക്രമണം നടത്തിയ ആലുവ സ്വദേശിയായ ജോബി(50)യെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവേശനഭാഗത്താണ് ആക്രമണം നടന്നതെന്നും സ്റ്റീല്‍ കത്തിപോലുള്ള ആയുധമാണ് അക്രമി ഉപയോഗിച്ചതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു. മുഖത്തും ശരീരത്തിന്റെ പിന്‍ഭാഗത്തുമാണ് ഹരിദാസിന് കുത്തേറ്റത്.
പോലീസ് കൈയില്‍ ബന്ധിച്ച വിലങ്ങുകൊണ്ട് ജോബി സ്വന്തം ശരീരത്തും മുറിവുണ്ടാക്കി. തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ച പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഹരിദാസിനെ ആക്രമിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുന്നതായി കോട്ടയം ഈസ്റ്റ് പോലീസ് എസ്എച്ച്ഒ പറഞ്ഞു.