കുന്നംകുളം നഗരസഭ കൌണ്‍സില്‍ നടക്കുന്നതിനിടെ അജണ്ട വലിച്ചു കീറുകയും കപ്പും സോസറും എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ബിജെപി നഗരസഭ കക്ഷിനേതാവ് കെ. കെ മുരളിയെ നഗരസഭ ചെയര്‍പേഴ്സണ്‍ സസ്പെന്റ് ചെയ്തു. അടുത്ത ഒരു കൌണ്‍സിലില്‍ നിന്നാണ് സസ്പെന്റ് ചെയ്തത്.
കെ. കെ മുരളി നടത്തിയ അതിക്രമത്തെ നിയമപരമായി നേരിടുന്നതിന് നഗരസഭ സെക്രട്ടറിക്ക് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കി. പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന കൌണ്‍സിലില്‍ ആശാവര്‍ക്കര്‍മാരെ സംബന്ധിച്ചുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കെ.കെ മുരളി പ്രകോപിതനായത്. ഭരണപക്ഷത്തെ പി.എം സുരേഷ് ആശാവര്‍ക്കര്‍മാരെ അനുകൂലിച്ച് അവതരിപ്പിച്ച പ്രമേയം കക്ഷിഭേദമന്യേ കൌണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ കെ.കെ മുരളി അവതരിപ്പിച്ച പ്രമേയത്തില്‍ ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണം എന്നത് ഓണറേറിയം എന്നാക്കണമെന്നും എന്നാലേ പ്രമേയം അംഗീകരിക്കുകയുള്ളൂവെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചതോടെയാണ് ബി.ജെ.പി അംഗങ്ങള്‍ പ്രകോപിതരായി കൌണ്‍സില്‍ ഹാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തുടര്‍ന്ന് കൌണ്‍സില്‍ അജണ്ട വലിച്ചു കീറുകയും മേശമേല്‍ ഇരുന്ന കപ്പും സോസറും കെ.കെ മുരളി എറിഞ്ഞുടക്കുകയും ചെയ്തു. കപ്പും സോസറിന്റെയും പൊട്ടിയ കഷ്ണങ്ങള്‍ കൌണ്‍സിലര്‍മാരുടെ ദേഹത്തേക്കും തെറിച്ചതോടെ കൌണ്‍സില്‍ ഹാളില്‍ ഭീകരാന്തരീക്ഷമായി. ഇതോടെ ചെയര്‍പേഴ്സണ്‍ യോഗം പിരിച്ചുവിട്ടു.
തുടര്‍ന്ന് ചെയര്‍പേഴ്സന്റെ ചേംബറിനു മുന്നില്‍ ബിജെപി മുദ്രാവാക്യം വിളിച്ച് വഴിമുടക്കി ഒരു മണിക്കൂറോളം ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇതിനിടെ വരാന്തയിലെ ചെടിച്ചട്ടികളും ഇവര്‍ തട്ടിയുടച്ച് നശിപ്പിച്ചു.
ജനാധിപത്യത്തിനും സ്ത്രീകള്‍ക്കും നേരെയുണ്ടായ അതിക്രമമാണ് കെ.കെ മുരളിയും അനുയായികളും നടത്തിയതെന്നും ഇതിനു നേതൃത്വം നല്‍കിയതിനാണ് കെ.കെ മുരളിയെ കൌണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്തതെന്നും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു.