ഓണ്‍ലൈന്‍വഴി 65 ലക്ഷംരൂപ തട്ടി: പണമിടപാടുകാരന്‍ പിടിയില്‍



കോഴിക്കോട്: ഓണ്‍ലൈന്‍വഴി 65 ലക്ഷംരൂപ തട്ടിയകേസില്‍ പണമിടപാടുകാരന്‍ പിടിയില്‍. സൗത്ത് ബീച്ച് പാംബീച്ച് അപ്പാര്‍ട്ട്‌മെന്റില്‍ വിമല്‍ പ്രതാപ്‌റായ് റാഡിയ(47)യാണ് അറസ്റ്റിലായത്. കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

2024 ഒക്ടോബര്‍മുതല്‍ 2025 മാര്‍ച്ചുവരെയുള്ള കാലയളവില്‍ കോഴിക്കോട് സ്വദേശിയെ ഫോണ്‍, ഇ-മെയില്‍, വെബ്‌സൈറ്റ് എന്നിവ വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍വഴി വിദേശ നാണയവ്യാപാരം നടത്തി ലാഭമുണ്ടാക്കിത്തരാമെന്നുപറഞ്ഞ് 65,22,800 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇയാളില്‍നിന്ന് 12.5 ലക്ഷംരൂപ പോലീസ് കണ്ടെടുത്തു. റിട്ട. ബാങ്ക് മാനേജരായ പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെപേരില്‍ സോഷ്യല്‍മീഡിയ വഴി ബന്ധപ്പെട്ട് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിച്ച് കബളിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരന്‍ 12,40,000 രൂപ രണ്ടുതവണകളായി വിമലിന് നേരിട്ടുകൈമാറി. ഫോണ്‍ കോളുകളും ഇ-മെയിലും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ബാലചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ കെ.കെ. ആഗേഷ്, എസ്‌ഐമാരായ വിനോദ് കുമാര്‍, അബ്ദുള്‍ അസീസ്, പ്രകാശ് പി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫെബിന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷമാനാ അഹമ്മദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال