തിരുവനന്തപുരം: 15 വർഷക്കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ സർക്കാർ വാഹനങ്ങൾ നേരത്തേ വിൽക്കും. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനുമുൻപേ വിൽപ്പനനടത്തി പരമാവധി തുക മുതൽക്കൂട്ടുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ റദ്ദായ വാഹനങ്ങൾ പൊളിക്കാൻമാത്രമേ കഴിയൂ. അതിനുമുമ്പ് ലേലംചെയ്ത് വിറ്റാൽ വ്യക്തികൾക്ക് വാങ്ങി ഉപയോഗിക്കാനാകും.
സർക്കാർ വാഹനങ്ങൾക്കുമാത്രമാണ് 15 വർഷക്കാലാവധി നിയമം ബാധകം. സ്വകാര്യവാഹനങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്കും ഉപയോഗക്ഷമത അനുസരിച്ച് പിന്നീടും രജിസ്‌ട്രേഷൻ പുതുക്കാനാകും.
പൊളിക്കൽനയപ്രകാരം രജിസ്‌ട്രേഷൻ റദ്ദായ 3591 സർക്കാർ വാഹനങ്ങൾ ലേലംചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് പഴയവാഹനങ്ങളുടെ വിൽപ്പനയും നേരത്തേയാക്കി ഉത്തരവിറക്കിയത്. കൈവശമുള്ള വാഹനങ്ങൾ 14 വർഷം പിന്നിടുമ്പോൾ ഓഫീസ് മേധാവികൾ ലേലനടപടികൾ ആരംഭിക്കണം.
സർക്കാർ വാഹനങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കാനും നീക്കമുണ്ട്. മൂന്നുവാഹനങ്ങൾ പൊളിക്കുമ്പോൾ ഒരെണ്ണം വാങ്ങാനാണ് അനുമതി. വില 10 ലക്ഷത്തിൽ താഴെയായിരിക്കണം. കൂടുതൽ വാഹനങ്ങൾ വേണമെങ്കിൽ ടാക്സികൾ വാടകയ്ക്കെടുക്കാം. പുതിയ വാഹനങ്ങൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ മുടക്കരുതെന്നും നിർദേശമുണ്ട്.